കായംകുളം: നഗരസഭയിൽനിന്ന് സ്വർണമോതിരം കാണാതായ സംഭവത്തിൽ മുൻ നഗരസഭാ ചെയർപേഴ്സൺ പി. ശശികലയെ ഒന്നാം പ്രതിയാക്കി കായംകുളം പോലീസ് കേസെടുത്തു. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി നൗഫൽ എസ്. ചെമ്പകപ്പള്ളി കായംകുളം ഡിവൈഎസ്പിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. സംഭവത്തിൽ പോലീസ് പ്രാഥമിക അന്വേഷണം പൂർത്തിയാക്കിയ ശേഷമാണ് മുൻ ചെയർപേഴ്സണിനെതിരേ എഫ്ഐആർ രജിസ്റ്റർ ചെയ്തത്.
കേസന്വേഷണത്തിന്റെ ഭാഗമായി നഗരസഭയിലെ ഉദ്യോഗസ്ഥരെ പോലീസ് ചോദ്യം ചെയ്തിരുന്നു. ജൂണിയർ ഹെൽത്ത് സൂപ്രണ്ട്, ജനറൽ സൂപ്രണ്ട് എന്നിവരിൽനിന്നു പോലീസ് വിവരങ്ങൾ ശേഖരിച്ചു. ഹരിതകർമ സേനാംഗമായ രാജിക നൽകിയ നിർണായകമായ മൊഴിയാണ് കേസ് വഴിത്തിരിവായത്. 2023 ഡിസംബർ 22ന് ഹരിതകർമസേനാംഗങ്ങൾക്ക് പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കുന്നതിനിടെ ഒരു മോതിരം കളഞ്ഞുകിട്ടുകയും അവരത് നഗരസഭയിൽ ഏൽപ്പിക്കുകയും ചെയ്തിരുന്നു.
മോതിരത്തിന് 11 ഗ്രാം തൂക്കമുണ്ടെന്നാണ് പറയുന്നത്. പിന്നീട് ഈ മോതിരം കാണാതാവുകയായിരുന്നു. ഉടമസ്ഥൻ എത്തുന്നതുവരെ നഗരസഭയുടെ സ്ട്രോംഗ് റൂമിൽവയ്ക്കാൻ സെക്രട്ടറിയുടെ അഭാവത്തിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ ഏൽപ്പിച്ചെന്നാണ് നഗരസഭ അധികൃതർ പറഞ്ഞത്. എന്നാൽ, ഉദ്യോഗസ്ഥർ ഇത് നിഷേധിച്ചു. സ്വർണമോതിരം കാണാതായ സംഭവം വലിയ രാഷ്ട്രീയ വിവാദം സൃഷ്ടിക്കുകയും ചെയ്തിരുന്നു. ഇതിനിടയിലാണ് ഇപ്പോൾ മുൻ നഗരസഭാ ചെയർപേഴ്സണിനെ ഒന്നാം പ്രതിയാക്കി പോലീസ് കേസെടുത്തിരിക്കുന്നത്.